പടിയൂർ മുച്ചിലോട്ടിനെ കുറിച്ച് ഒരു ആമുഖം
ഓം ഗ്രാമാദി ദേവതാഭ്യോ നമഃ
പടിയൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ജനുവരി 9,10, 11 (ധനു 24, 25, 26,) വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ നടത്തപ്പെടുന്നു. മറ്റ് മുച്ചിലോട്ട് കാവുകളിൽ നിന്ന് ഏറെ പ്രത്യേകതകൾ ഉള്ള ഇടമാണ് ഈ ദൈവ സങ്കേതം, മറ്റ് ക്ഷേത്രങ്ങളിൽ പോയാലറിയാം തിരുമുറ്റത്തേക്ക് നടയിറങ്ങിയാണ് പോകേണ്ടത് എന്നാൽ ഇവിടെ നടകയറി ഉയർന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അതു പോലെ തന്നെ മുച്ചിലോട്ടമ്മയുടെ പട്ടോലയിൽ "അഛൻ" വയത്തൂർ കാലിയാർ എന്നാണ് പ്രതിപാദിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ ക്ഷേത്രത്തിന്റെ തൊട്ട് പുറക് വശം നിൽക്കുന്ന നെയ്യമൃത് മഠം ക്ഷേത്രത്തിന് കൂടുതൽ ചൈതന്യം പകരുന്നുണ്ട് ആമ്പാട് എന്ന് വിളിക്കുന്ന ശ്രീകോവിലിന്റെ പുറകിലായ് ഒരു കിളിവാതിൽ പണിതിട്ടുണ്ട് ,തുടങ്ങൽ അടിയന്തിര കർമ്മങ്ങൾ തുടങ്ങുന്നതിന് മുമ്പായി വാദ്യമേളങ്ങളോടെ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ച് കൊണ്ട് വരുന്ന ചടങ്ങുമുണ്ട് അതിനായി വാല്യക്കാർ തലേ ദിവസം തന്നെ ക്ഷേത്രത്തിൽ പോയി താമസിച്ച് പിറ്റെ ദിവസം കുളിച്ച് ഈറനോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് വരുന്നത് തന്നെ ഉത്സവത്തിന്റെ വിളംബരം കൂടി ആയി മാറുന്നു
മറ്റ് ക്ഷേത്രങ്ങളിലെ പോലെ പോതി തെയ്യമൊ ( നരമ്പിൽ ഭഗവതി) ചാമുണ്ടിയെയോ (വിഷ്ണുമൂർത്തി) കെട്ടിയാടാറില്ല, നടുകളിയാട്ട ദിവസം ഉച്ചത്തോറ്റത്തിന്റെ കുടെ കല്യാണത്തിൽ കൂട്ടുക എന്ന ചടങ്ങും നടത്തുന്നു. സാധാരണ പെരും കളിയാട്ടങ്ങളിൽ മാത്രമേ ഈ ചടങ്ങ് കാണാറുള്ളു.
രൂപഭംഗിയിലും ദേവ നടനത്തിലും ഏറേ പ്രത്യേകതകൾ ഉള്ള തെയ്യക്കോലമാണ് മുച്ചിലോട്ട് ഭഗവതി ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ രൂപ ഘടന ബ്രഹ്മാണ്ഡ കഠാഹമായിട്ടാണ് മണക്കാടൻ ഗുരുക്കൾ സങ്കല്പിച്ചിട്ടുള്ളത്. മൂന്ന് ഘടകങ്ങൾ ആയിട്ട്. ഒന്ന് -സമുദ്രം. രണ്ട് -ഭൂമി. മൂന്ന് -ആകാശം. ആകാശത്തിൽ മഴവില്ല് വളഞ്ഞ രീതിയിൽ കാണുന്നത് പോലെ വട്ടമായിട്ടാണ് ഭഗവതിയുടെ തിരുമുടി സകല്പിച്ചിട്ടുള്ളത്. തിരുമുടി ആകാശമായും ദേഹം ഭൂമിയായും. ഉടയാടകൾ സമുദ്രമായും (വെള്ളമായും )ആണ് സങ്കല്പം. മഴപെയ്യുന്ന സങ്കല്പമായിട്ടാണ് തിരുമുടിയിൽ കാണുന്ന ചെക്കിമാല. സൂര്യനെയും. ചന്ദ്രനെയും. നക്ഷത്രങ്ങളെയും ആണ് ഉടയാടയിൽ (ചുകപ്പിലിട്ടാൽ കുറ )അലങ്കരിച്ചു കാണുന്ന ചന്ദ്രകലകൾ -തിരുമുടിയിൽ കാണുന്ന സൂര്യന്റെയും. ചന്ദ്രന്റെയും. നക്ഷത്രങ്ങളുടെയും നിഴലുകൾ വെള്ളത്തിൽ കാണുന്നതായാണ് സകല്പം. ഉടയുടെ പിൻ ഭാഗത്തു കാണുന്ന വസ്ത്രം. താമരയെയും പുഷ്പത്തെയും സകൽപിച്ചുള്ളതാണ്. സമുദ്രത്തിൽ (വെള്ളത്തിൽ )താമരയിൽ എട്ടു കൈകളോട് കൂടി ഇരുന്നുകൊണ്ട് രണ്ട് ദീപയഷ്ടികൾ ത്രികയ്‌കകളിൽ പിടിച്ച് മൂകതയിലും. ആന്ധതയിലും. അലസതയിലും തപ്പിത്തിരിയുന്ന ജീവജാലകൾക്കു വെളിച്ചം (ഞാനവിജ്ഞാനങ്ങൾ )നൽകികൊണ്ട് ശത്രു നിഗ്രഹം ചൈയ്യുവാൻ മറ്റു കൈയ്കളിൽ ഘേടക വാളും ചെറു പരിചയും പിടിച്ചുകൊണ്ടും. കയ്യിൽ അന്നപൂർണേശ്വരിയായി മുറവും ത്രിശൂലവും പിടിച്ചു കൊണ്ടും മറ്റൊരുകയ്യിൽ മനുഷ്യന് വന്നുചേരുന്ന തൊണ്ണൂറു മഹാവ്യാധിയും അകറ്റുവാൻ കനക രത്ന പൊടി എടുത്തുകൊണ്ടും അഭയ ദാന തല്പരയായി അനുഗ്രഹിച്ചു കൊണ്ടും നില്കുന്നതായാണ് രൂപ കല്പന ചെയ്തിട്ടുള്ളത്. സൃഷ്ടി. സ്ഥിതി. സംഹാര രൂപിണിയായി ബ്രാഹ്മ വൈഷ്‌ണ ശൈവ ഭാവങ്ങളുടെ സമാദരണീയമായ സകല്പം തിരുമുടിയിലും കാണാം. തിരുമുടിയിൽ കാണുന്ന സ്വർണവർണ്ണം മഹാലക്ഷ്മിയായും വെളുത്തവർണ്ണം സരസ്വതിയായും. കറുപ്പുവർണ്ണം മഹാകാളിയായും സങ്കല്പിച്ചുകൊണ്ടുള്ളതാണ്. ഇടയിൽ കാണുന്ന സർപ്പങ്ങളിൽ വലുത് ഭാഗത്തേക്ക് ശ്രീ അനന്തനും. ഇടതു ഭാഗത്തേക്ക് കാർക്കോടകനുമാണ്. ശുംഭനിശുഭൻമാരുടെ വധത്തിനു ചെല്ലുന്ന സമയത്തു എല്ലാ ദേവന്മാരും അവരുടെ ആയുധവും ശക്തിയും കൊടുത്തപ്പോൾ ശ്രീ പരമേശ്വരൻ രണ്ടു വില്ലായി കൊടുത്തതാണ് ഈ രണ്ട് സർപ്പങ്ങളും. ഇവയെല്ലാം ശത്രു സംഹാര ഭാവങ്ങളായി കാണുന്നു. ഭഗവതിയുടെ തോറ്റം പാട്ടുകളിൽ ഈ രൂപവർണ്ണന കേൾകാം.
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവതിയോട് സങ്കടങ്ങളും വിഷമങ്ങളും പറയുന്ന ചടങ്ങാണ് കളിയാട്ടത്തിന്റെ അവസാന ദിവസം മുച്ചിലോട്ടമ്മ ആറാടിക്കുന്ന സമയം( ഇവിടെ ഏകദേശം രാത്രി 11 നും 12 മണിക്കും ഇടയിലാണ് സാധാരണ ഈ ചടങ്ങ് നടക്കാറുള്ളത്) കളിയാട്ടം അവസാനിക്കുന്നതിന് മുമ്പായി ദയരമംഗലം (ക്ഷേത്രത്തിന്റെ വലതു വശത്ത് പുറകിലായി കാണുന്ന ദേവസ്ഥാനം) സ്ഥാനത്തിനടുത്തായി വച്ച് നടക്കുന്ന വളരെ ഭക്തിസാന്ദ്രമായ കേൾപ്പിക്കൽ ചടങ്ങിൽ ഉദ്ദിഷ്ഠ കാര്യത്തിനായി ഭഗവതിയോട് സങ്കടം ഉണർത്തുന്നതിനായി നിരവധി ഭക്തരാണ് ജാതി മത ഭേദമന്യേ എത്തുന്നത്
" എന്റെ കല്യാണം കൊണ്ട് കൂട്ടിയ മനുഷ്യങ്ങൾക്കും, കർത്താക്കന്മാർക്കും, ഊരളനമാർക്കും ഗുണം വരണേ,,, വട്ടി തടവി കായക്കഞ്ഞി കൊടുത്തില്ലെ എന്റെ മൻഷ്യങ്ങളെ... സന്തതി പരമ്പരകൾക്കും ,കുഞ്ഞുകുട്ടി പൈതങ്ങൾക്കും ഏറിയൊരു ഗുണം വരുത്തി രക്ഷിപ്പൂ... എന്നാൽ ഈ അമ്മ മായയിൽ ലയിക്കട്ടെ...... എന്ന് പീഠത്തിൽ നിന്ന് കൊണ്ട് ഭഗവതിയുടെ മൊഴി ഗദ്ഗദത്തോടെ കേൾക്കുമ്പോൾ കളിയാട്ട പരിസമാപ്തിയോടൊപ്പം അടുത്ത വർഷെത്തെ കളിയാട്ടത്തിനുള്ള കാത്തിരിക്കാനുള്ള തുടക്കം ആരംഭിക്കുവാൻ ആയിരിക്കുന്നു എന്ന അറിയിയിപ്പും കൂടിയായി മാറുന്നു.
അന്നദായിനിയായ തമ്പുരാട്ടി അമ്മയുടെ മംഗല്യ കളിയാട്ടത്തിന് മൂന്ന് നേരവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്
എല്ലാ സംക്രമ ദിനത്തിലും ഉച്ചയ്ക്ക് പ്രസാദ് സദ്യയും നൽകി വരുന്നു
ക്ഷേത്രത്തിലേക്ക് തമ്പുരാട്ടിയമ്മയുടെ അനുഗ്രഹത്തിന്നായി എല്ലാവരെയും ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നു
🙏🙏🙏🙏🙏🙏